കരടി ആലിംഗനം
'കരടി' എന്റെ പേരക്കുട്ടിക്കുള്ള സമ്മാനമായിരുന്നു. സ്റ്റഫ് ചെയ്ത ഭീമാകാരനായ ഒരു മൃഗത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിറച്ച ഒരു കൂന സ്നേഹമായിരുന്നു അത്. കുഞ്ഞിന്റെ പ്രതികരണമോ? ആദ്യം അത്ഭുതം. പിന്നെ വിസ്മയകരമായ ആരാധന. തുടര്‍ന്ന് ആകാംക്ഷ നിമിത്തം ഒരു പര്യവേഷണം. അവന് തന്റെ കുഞ്ഞുവിരല് കൊണ്ട് കരടിയുടെ മൂക്കില്‍ കുത്തി. അത് മുമ്പോട്ടു അവന്റെ കൈകളിലേക്ക് വീണപ്പോള്‍ സന്തോഷത്തോടെയുള്ള പ്രതികരണം! കുഞ്ഞു തന്റെ കുഞ്ഞുശിരസ് കരടിയുടെ മൃദുവായ നെഞ്ചില്‍ചേര്‍ത്ത് മുറുക്കെ ആലിംഗനം ചെയ്തു, നുണക്കുഴി വിരിയുകയും അവന്റെ കവിളില്‍ ചിരി പടരുകയും ചെയ്തു. അവനെ യഥാര്‍ത്ഥമായി സ്നേഹിക്കാന്‍ കരടിക്കുള്ള കഴിവില്ലായ്മയെക്കുറിച്ച് കുഞ്ഞിന് ഒരു അറിവുമുണ്ടായിരുന്നില്ല. നിഷ്ക്കളങ്കപൂര്‍വ്വവും സ്വാഭാവികമായും കരടിയുടെ സ്നേഹം അവന് അനുഭവിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ അത് തിരിച്ചു കൊടുക്കുകയും ചെയ്തു.
ആദിമ ക്രിസ്ത്യാനികള്‍ക്കെഴുതിയ തന്റെ മൂന്ന് എഴുത്തുകളില്‍ ആദ്യത്തേതില്‍, അപ്പൊസ്തലനായ യോഹന്നാന് ധൈര്യത്തോടെ പറയുന്നു, 'ദൈവം സ്നേഹം ആകുന്നു' എന്ന് (1 യോഹന്നാന് 4:16).
ദൈവം സ്നേഹിക്കുന്നു. ഒരു നാട്യമൃഗത്തിന്റെ തലയിണയിലല്ല, മറിച്ച് ഒരു തകരുന്ന ഹൃദയത്തെ പൊതിയുന്ന മനുഷ്യശരീരത്തിന്റെ നീട്ടിയ കരങ്ങള്‍ കൊണ്ട് (യോഹന്നാന് 3:16). യേശുവിലൂടെ, ദൈവം നമ്മോടുള്ള തന്റെ അമിതവും ത്യാഗപരവുമായ സ്നേഹം നമ്മെ അറിയിച്ചു.
യോഹന്നാന് തുടര്‍ന്ന് പറയുന്നു, 'അവന് ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു' (1 യോഹന്നാന് 4:19). നാം സ്നേഹിക്കപ്പെടുന്നു എന്നു നാം വിശ്വസിക്കുമ്പോള്‍, നാം തിരികെ സ്നേഹിക്കുന്നു. ദൈവത്തിന്റെ യഥാര്‍ത്ഥ സ്നേഹം, പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
സകലവും നഷ്ടപ്പെട്ടുവെന്നു തോന്നുമ്പോള്‍
കേവലം ആറുമാസത്തിനുള്ളില്‍ ജറാള്‍ഡിന്റെ ജീവിതം തകര്‍ന്നു. ഒരു സാമ്പത്തിക പ്രതിസന്ധി അയാളുടെ ബിസിനസും സമ്പത്തും നശിപ്പിച്ചു. ഒരു വാഹനാപകടം അയാളുടെ മകന്റെ ജീവനെടുത്തു. ആ ഞെട്ടലില്‍ നിന്നു മുക്തയാകാതെ മാതാവ് ഹൃദയസ്തംഭനമുണ്ടായി മരിച്ചു. അയാളുടെ ഭാര്യ വിഷാദരോഗത്തിനടിമപ്പെട്ടു. രണ്ടു പെണ്മക്കള് ആശ്വാസമറ്റവരായി മാറി. അയാള്‍ക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് സങ്കീര്‍ത്തനക്കാരനെപ്പോലെ നിലവിളിക്കുകയായിരുന്നു, 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?' (സങ്കീര്‍ത്തനം 22:1).
ജറാള്‍ഡിനെ മുമ്പോട്ടു നയിച്ച ഏക കാര്യം, യേശുവിനെ ഉയര്‍പ്പിച്ച ദൈവം ഒരു ദിവസം തന്നെയും തന്റെ കുടുംബത്തെയും വേദനയില്‍ നിന്ന് വിടുവിച്ച് സന്തോഷത്തിന്റെ നിത്യജീവിതത്തിലേക്കു നയിക്കും എന്ന പ്രത്യാശയായിരുന്നു. സഹായത്തിനുള്ള തന്റെ ആശയറ്റ നിലവിളിക്ക് ദൈവം ഉത്തരം നല്‍കും എന്ന പ്രത്യാശയായിരുന്നു അത്. സങ്കീര്‍ത്തനക്കാരനായ ദാവീദിനെപ്പോലെ, തന്റെ നിരാശയില്‍, തന്റെ കഷ്ടതയുടെ നടുവില്‍, ദൈവത്തില്‍ ആശ്രയിക്കാന്‍ അവന് തീരുമാനിച്ചു. ദൈവം തന്നെ വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യും എന്ന പ്രത്യാശയില്‍ അവന് മുറുകെപ്പിടിച്ചു (വാ. 4-5).
ആ പ്രത്യാശ ജറാള്‍ഡിനെ നിലനിര്‍ത്തി. പിന്നീടുള്ള വര്‍ഷങ്ങളില്‍, എങ്ങനെയിരിക്കുന്നുവെന്നു ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നത്, 'ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു' എന്നാണ്.
ആ ആശ്രയത്തെ ദൈവം മാനിക്കുകയും ജറാള്ഡിനു ആശ്വാസവും ശക്തിയും മുന്നോട്ടുപോകാനുള്ള ധൈര്യവും നല്കി. അദ്ദേഹത്തിന്റെ കുടുംബം പതുക്കെ പ്രതിസന്ധിയില്‍ നിന്നും കരകയറി, അധികം താമസിയാതെ അവരുടെ ആദ്യ പേരക്കിടാവിനെ അവര്‍ക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ നിലവിളി ഇപ്പോള്‍ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചുള്ള സാക്ഷ്യമാണ്. 'നീയെന്നെ കൈവിട്ടതെന്ത് എന്നു ഞാനിപ്പോള്‍ ചോദിക്കുന്നില്ല. ദൈവം എന്നെ അനുഗ്രഹിച്ചു.'
ഒന്നും ശേഷിക്കുന്നില്ല എന്നു തോന്നുമ്പോള്‍, ഇനിയും പ്രത്യാശ ശേഷിക്കുന്നുണ്ട്.
ദയയയുള്ള വിമര്‍ശനം
പ്രകൃതിദൃശ്യ പെയിന്റിംഗ് ക്ലാസ്സില്‍ അദ്ധ്യാപകനായിരുന്ന ഉയര്‍ന്ന അനുഭവസമ്പത്തുള്ള പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് എന്റെ ആദ്യ അസൈന്മെന്റ് വിലയിരുത്തി. അദ്ദേഹം എന്റെ പെയിന്റിംഗിന്റെ മുമ്പില്‍, ഒരു കൈ താടിയില്‍ അമര്‍ത്തി നിശബ്ദമായി നിന്നു. 'ഇതാ, ഇത് ഭയാനകമാണെന്ന് അദ്ദേഹം പറയാന്‍ പോകുന്നു' ഞാന്‍ ചിന്തിച്ചു.
പക്ഷെ അദ്ദേഹം പറഞ്ഞില്ല.
അതിന്റെ നിറവിന്യാസവും തുറന്ന അവസ്ഥ ജനിപ്പിക്കുന്നതും തനിക്കിഷ്ടമായി എന്നദ്ദേഹം പറഞ്ഞു. എന്നിട്ട് ദൂരെയുള്ള മരങ്ങളുടേത് ഇളം നിറമാക്കണമെന്നദ്ദേഹം പറഞ്ഞു. ഒരു കൂട്ടം കളകള്‍ക്ക് മൃദുവായ അഗ്രം വേണം. വീക്ഷണത്തിന്റെയും വര്‍ണ്ണത്തിന്റെയും അടിസ്ഥനത്തില്‍ എന്റെ ചിത്രത്തെ വിമര്‍ശിക്കുവാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു, എങ്കിലും അദ്ദേഹത്തിന്റെ വിമര്‍ശനം സത്യവും ദയയും ഉള്ളതായിരുന്നു.
ആളുകളെ അവരുടെ പാപം നിമിത്തം കുറ്റം വിധിക്കാന്‍ ഏറ്റവും യോഗ്യതയുണ്ടായിരുന്ന യേശു ഒരു പുരാതന നീരുറവയുടെ സമീപം കണ്ടുമുട്ടിയ ഒരു ശമര്യസ്ത്രീയെ തകര്‍ക്കാന്‍ പത്തു കല്പനകളെ ഉപയോഗിച്ചില്ല. അവന് ചില വാക്കുകള്‍ ഉപയോഗിച്ച് മൃദുവായി അവളുടെ ജീവിതത്തെ വിമര്‍ശിച്ചു. അതിന്റെ ഫലമോ, സംതൃപ്തിക്കു വേണ്ടിയുള്ള തന്റെ അന്വേഷണം എങ്ങനെ തന്നെ പാലത്തിലേക്കു നയിച്ചു എന്നവള്‍ ഗ്രഹിച്ചു. ഈ ബോധ്യത്തിന്മേല് നിന്നുകൊണ്ട്, യേശു തന്നെത്തന്നെ നിത്യമായ സംതൃപ്തിയുടെ ഏക ഉറവിടമാണെന്നു വെളിപ്പെടുത്തി. (യോഹ 4:10-13).
ഈ സാഹചര്യത്തില്‍ യേശു ഉപയോഗിച്ച കൃപയുടെയും സത്യത്തിന്റെയും മിശ്രണം ആണ് അവനുമായുള്ള നമ്മുടെ ബന്ധത്തില്‍ നാമും അനുഭവിക്കുന്നത് (1:7). അവന്റെ കൃപ നമ്മെ, നമ്മുടെ പാപത്താല്‍ നാം തകര്‍ന്നുപോകാതെ തടയുകയും, അവന്റെ സത്യം നമ്മെ അതൊരു ഗൗരവമുള്ള വിഷയമല്ല എന്നു ചിന്തിക്കുന്നതില്‍ നിന്നു തടയുകയും ചെയ്യുന്നു.
നാം കൂടുതല്‍ അവനെപ്പോലെ ആകേണ്ടതിന്നു നമ്മുടെ ജീവിതത്തിലെ വളരേണ്ട ഭാഗങ്ങള്‍ നമുക്ക് കാണിച്ചു തരുവാന്‍ യേശുവിനെ നാം ക്ഷണിക്കുമോ?
വാഞ്ഛയുടെ ശിലാസ്മാരകം
'ആഹ്, ഓരോ കടല്‍പ്പാലവും വാഞ്ഛയുടെ ശിലാസ്മാരകമാണ്.'' ഫെര്‍ണാന്‍ഡോ പെസ്സോവായുടെ 'ഓഡ് മാരിറ്റിമാ'' എന്ന കവിതയിലെ ഒരു വരി പറയുന്നു. ഒരു കപ്പല്‍ സാവധാനം നമ്മില്‍ നിന്നകലുമ്പോള്‍ നാമനുഭവിക്കുന്ന വികാരങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പെസ്സോവായുടെ കടല്‍പ്പാലം. കപ്പല്‍ വിടവാങ്ങി പക്ഷേ കടല്‍പ്പാലം അവശേഷിക്കുന്നു - പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും, വിടവാങ്ങലുകളുടെയും നെടുവീര്‍പ്പുകളുടെയും നിലനില്‍ക്കുന്ന സ്മാരകമായി. നഷ്ടപ്പെട്ടതിനെച്ചൊല്ലിയും നമുക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനെ ചൊല്ലിയും നാം വേദനിക്കുന്നു.
'വാഞ്ഛ'' എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്ന പോര്‍ച്ചുഗീസ് പദം (സൗദാദേ) അര്‍ത്ഥമാക്കുന്നത് നമുക്ക് അനുഭവപ്പെടുന്ന ഒരു ഗൃഹാതുരത്വ വാഞ്ഛയെയാണ്. നിര്‍വചിക്കാന്‍ കഴിയാത്ത ഒരു ആഴമായ വേദന. വിവരിക്കാനാവാത്തതിനെയാണ് കവി വിവരിക്കുന്നത്.
നെബോ പര്‍വ്വതം മോശയുടെ 'കല്ലില്‍ തീര്‍ത്ത വാഞ്ഛയാണ്'' എന്നു നമുക്ക് പറയാനാവും. നെബോയില്‍ നിന്നുകൊണ്ട് വാഗ്ദത്ത നാട്ടിലേക്ക് അവന് നോക്കി - അവന് ഒരിക്കലും എത്തിച്ചേരാനാവാത്ത നാട്. മോശയോടുള്ള ദൈവത്തിന്റെ വാക്കുകള്‍ കര്‍ക്കശമായി തോന്നും: 'ഞാന്‍ അത് നിന്റെ കണ്ണിനു കാണിച്ചു തന്നു; എന്നാല്‍ നീ അവിടേക്കു കടന്നുപോകയില്ല'' (ആവര്‍ത്തനം 34:4). അതുമാത്രമാണ് നാം കാണുന്നതെങ്കില്‍ എന്താണ് സംഭവിച്ചതെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകും. വലിയ ആശ്വാസമാണ് ദൈവം മോശയോട് പറഞ്ഞത്: 'അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാന്‍ നിന്റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ'' (വാ.4). വളരെ വേഗം മോശ നെബോ വിട്ട് കനാനെക്കാള്‍ ഏറെ മെച്ചമായ ഒരു നാട്ടിലേക്കു പോകും (വാ. 5).
ജീവിതത്തില്‍ നാം പലപ്പോഴും കടല്‍പ്പാലത്തില്‍ നോക്കിനില്‍ക്കുന്നവരാണ്. പ്രിയപ്പെട്ടവര്‍ വിട്ടുപോകും; പ്രതീക്ഷ മങ്ങും; സ്വപ്നങ്ങള്‍ മരിക്കും. അതിന്റെയെല്ലാം നടുവില്‍ നാം ഏദെന്റെ പ്രതിധ്വനിയും സ്വര്‍ഗ്ഗത്തിന്റെ സൂചനയും കേള്‍ക്കും. നമ്മുടെ വാഞ്ഛ ദൈവത്തിങ്കലേക്കു നമ്മെ ചൂണ്ടിക്കാട്ടുന്നു. നാം വാഞ്ഛിക്കുന്ന സാക്ഷാത്കാരം അവനാണ്.
സ്നേഹം നിര്‍ത്തുകയില്ല
എനിക്ക് പത്തൊന്‍പതു വയസ്സ് കഴിഞ്ഞപ്പോള്‍, ഒരു പേജറോ സെല്‍ഫോണോ സ്വന്തമാക്കുന്നതിനു മുമ്പ്, ഞാന്‍ മമ്മിയുടെ അടുക്കല്‍ നിന്ന് എഴുന്നൂറിലധികം മൈലുകള്‍ അകലേക്ക് പോയി. ഒരു പ്രഭാതത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി നേരത്തെയിറങ്ങിയ ഞാന്‍ ഞങ്ങളുടെ പതിവു ഫോണ്‍ വിളി മറന്നു പോയി. ആ രാത്രി വൈകി, രണ്ടു പോലീസുകാര്‍ എന്റെ വാതില്ക്കല് വന്നു. മമ്മിയുമായുള്ള സംഭാഷണം ഒരിക്കല്‍പോലും ഞാന്‍ ഒഴിവാക്കിയിട്ടില്ലാതിരുന്നതിനാല്‍ മമ്മി വല്ലാതെ വ്യാകുലപ്പെട്ടു. ആവര്‍ത്തിച്ച് വിളിച്ചിട്ട്, ബിസിയാണെന്ന സിഗ്നല്‍ ലഭിച്ചപ്പോള്‍ അധികാരികളെ വിളിച്ച് എന്നെ അന്വേഷിക്കുവാന്‍ നിര്‍ബന്ധിച്ചു. പോലീസുകാരിലൊരാള്‍ എന്റെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, 'സ്നേഹം നിന്നെ അന്വേഷിക്കുന്നത് നിര്‍ത്തുകയില്ല എന്നറിയുന്നത് ഒരനുഗ്രഹമാണ്.'
മമ്മിയെ വിളിക്കാന്‍ ഞാന്‍ ഫോണെടുത്തപ്പോഴാണ് റിസീവര്‍ ഞാന്‍ അറിയാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു എന്നറിയുന്നത്. ഞാന്‍ ക്ഷമാപണം നടത്തിക്കഴിഞ്ഞ് മമ്മി പറഞ്ഞു, 'നിന്നെ കാണാനില്ല എന്നു ഞാന്‍ പറഞ്ഞ കുടുംബാംഗങ്ങളോടും സ്നേഹിതരോടും ഈ സന്തോഷവാര്‍ത്ത ഞാന്‍ പറയട്ടെ' എന്ന്. ഫോണ്‍ വെച്ചശേഷം മമ്മിയുടെ പ്രവൃത്തി അല്പം കടന്നുപോയില്ലേ എന്നു ഞാന്‍ ചിന്തിച്ചു, എങ്കിലും ഇത്രയധികം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നത് നല്ലതായിരുന്നു.
സ്നേഹം ആകുന്ന ദൈവത്തിന്റെ ഒരു മനോഹര ചിത്രം തിരുവെഴുത്ത് വരച്ചു കാണിക്കുന്നുണ്ട്. തന്നില്‍ നിന്നും അകന്ന്, അലയുന്ന മക്കളെ മടികൂടാതെ മാടിവിളിക്കുന്ന ചിത്രമാണത്. ഒരു ഇടയനെപ്പോലെ, നഷ്ടപ്പെട്ട ഓരോ ആടിനെയും അവന് കരുതുകയും അന്വേഷിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ ഓരോ പ്രിയ പൈതലിന്റെയും വിലമതിക്കാനാവാത്ത മൂല്യം ഉറപ്പിക്കുന്നു (ലൂക്കൊസ് 15:1-7).
നമ്മെ തേടുന്നത് സ്നേഹം ഒരിക്കലും നിര്‍ത്തുന്നില്ല. നാം അവങ്കലേക്കു മടങ്ങിച്ചെല്ലും വരെ അവന് നമ്മെ പിന്തുടര്ന്നുകൊണ്ടിരിക്കും. സ്നേഹം - ദൈവം - അവരെയും അന്വേഷിക്കുന്നത് ഒരിക്കലും നിര്‍ത്തുന്നില്ല എന്ന് മറ്റുള്ളവരും അറിയേണ്ടതിന് അവര്‍ക്ക് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും.